Sections

മൂല്യവർദ്ധിത ഉത്പന്ന കൃഷി പ്രോത്സാഹിപ്പിക്കണം: മന്ത്രി പി. പ്രസാദ്

Saturday, Jan 06, 2024
Reported By Admin
Agriculture Value Added Products

കാർഷിക സെമിനാർ, ഗ്രാമീണ സഹവാസ പ്രവൃത്തി പരിചയ പരിപാടിഎന്നിവയുടെ ഉദ്ഘാടനംമന്ത്രി പി. പ്രസാദ് നിർവ്വഹിച്ചു


കാർഷിക ഉൽപ്പന്നങ്ങൾക്ക് വില ലഭിക്കണമെങ്കിൽ മൂല്യവർദ്ധിത ഉത്പന്ന കൃഷി പ്രോത്സാഹിപ്പിക്കപ്പെടണമെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ പൂപ്പൊലിയുടെ ഭാഗമായി നടന്ന കാർഷിക സെമിനാർ, കാർഷിക കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളുടെ ഗ്രാമീണ സഹവാസ പ്രവൃത്തി പരിചയ പരിപാടി, എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വയനാട്ടിലെ വിളകളെ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റാനാകും. മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ വിൽപ്പനയ്ക്ക് സ്ഥിരം സംവിധാനം ഉണ്ടാകണം. കാബ് കോ പൂർണ്ണമായി നടപ്പാക്കുമ്പോൾ അഗ്രോ പാർക്കുകൾ വയനാട്ടിൽ ഉണ്ടാകും. അതുവഴി ഉത്പന്നങ്ങളെ മികച്ച രീതിയിൽ മാർക്കറ്റ് ചെയ്യാനാകും. ധന്യങ്ങൾക്ക് പുറമെ പഴവർഗ്ഗങ്ങളിൽ നിന്ന് വൈൻ ഉൽപാദിപ്പിക്കാനുള്ള പദ്ധതികൾ നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും പൂകൃഷി ആനന്ദത്തിനും ആദായത്തിനും വേണ്ടിയുള്ളതായി മാറ്റണമെന്നും മന്ത്രി കൂട്ടിചേർത്തു

വയനാടിന്റെ സവിശേഷതകൾ മാർക്കറ്റ് ചെയ്യപ്പെടണം. സംസ്ഥാനത്ത് 30,000 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ച് 3 ലക്ഷത്തിൽ അധികം ആളുകൾക്ക് തൊഴിൽ നൽകാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരള അഗ്രോ ബിസിനിസ് കമ്പനി കാബ്കോയുടെ പ്രവർത്തനം ഈ വർഷം ആരംഭിക്കുമെന്നും കാർഷികമേഖലക്ക് മുതൽകൂട്ടാകുമെന്നും മന്ത്രി കൂട്ടിചേർത്തു.

അമ്പലവയൽ പ്രാദേശീക കാർഷിക ഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച സെന്റർ ഓഫ് എക്സലൻസ് കർഷകർക്ക് പൂർണ തോതിൽ പ്രയോജനപ്പെടുത്തുന്നതിന് ജനുവരി 8 ന് യോഗം ചേർന്ന് നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. കാർഷിക കോളേജിലെ അവസാന വിദ്യാർത്ഥികളുടെ ഗ്രാമീണ സഹവാസ പ്രവർത്തി പരിചയ പരിപാടി ആദ്യസെമസ്റ്ററുകളിൽതന്നെ വിദ്യാർത്ഥികൾക്ക് ലഭ്യമാകണമെന്നും കാർഷിക സർവകലാശാലകൾ സാധാരണക്കാരുമായി ബന്ധിപ്പിക്കുന്ന ഒന്നാകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Agri Seminar

വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് വയനാട് ജില്ലയിലെ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങൾ മുൻകൈ എടുത്തു നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികൾക്ക് കൃഷിവകുപ്പിന്റെ സഹായവും ഇടപെടലും ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.

ചടങ്ങിൽ കാർഷികോത്തമ അവാർഡ് ജേതാവ് കെ.എ റോയ് മോൻ, പ്ലാന്റ് ജീനോം സേവ്യർ ഫാർമർ അവാർഡ് ജേതാക്കളായ പ്രസീദ് കുമാർ തയ്യിൽ, സുനിൽ കുമാർ എം, പി എം സലീം എന്നിവർ മന്ത്രിയിൽ നിന്നും അവാർഡുകൾ ഏറ്റുവാങ്ങി. കാർഷിക കോളേജ് അമ്പലവയൽ സ്പെഷ്യൽ ഓഫീസർ ഡോ. പി രാജേന്ദ്രൻ മന്ത്രിയിൽ നിന്നും പ്രത്യേക ആദരവ് ഏറ്റുവാങ്ങി. എഫ്.പി.ഒ ലോഗോ ചടങ്ങിൽ മന്ത്രി പ്രകാശനം ചെയ്തു.

ചടങ്ങിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക ബാലകൃഷ്ണൻ, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി സുധി, അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ഹഫ്സത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഷമീർ, കേരള കാർഷിക സർവ്വകലാശാല ഡയറക്ടർ ഓഫ് എക്സ്റ്റെൻഷൻ ഡോ.ജേക്കബ് ജോൺ, അസോസിയേറ്റ് ഡയറക്ടർ ഓഫ് റീസർച്ച് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം ഡോ.സി.കെ യാമിനി വർമ്മ, സർവ്വകലാശാല പ്രതിനിധികൾ, ഉദ്യോഗസ്ഥർ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.